മമതയ്ക്ക് തിരിച്ചടി; മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

മമതയ്ക്ക് തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് പ്രതിപക്ഷ ഐക്യം രൂപീകിരിക്കുക എന്ന കോണ്‍ഗ്രസ്സിന്‍റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടടിയ്ക്കുന്ന  മമത ബാനര്‍ജിയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ തിരിച്ചടി ലഭിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മുതിര്‍ന്ന് നേതാക്കളടക്കം മൂവായിരത്തിലേറെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസ്സിന് ന്യൂനപക്ഷ നേതാക്കളുടെ കടുന്നു വരവ് കരുത്തേകും.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ ന്യൂനപക്ഷ സെല്‍ വിഭാഗം സെക്രട്ടറി കല്യാണി മജുംദാര്‍. മുസ്ലിംലീഗ് പശ്ചിമബംഗാള്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷഹന്‍ഷാ ജഹാഗീര്‍, മുന്‍ സിപിഎം നേതാവ് ഇഫ്തികര്‍ യൂസഫ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ്സില്‍ ചേക്കേറിയിരിക്കുന്നത്. പാര്‍ട്ടി ആസ്ഥാനത്ത് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുമന്‍ മിത്രയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി.

ബംഗാളില്‍ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് മമതയായിരിക്കും എന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ബിജെപിയുമായുള്ള മമതയുടെ രഹസ്യബന്ധമാണ് വെളിപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മമതയ്ക്ക് തിരിച്ചടി നല്‍കികൊണ്ട് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.

Mamtha Banerjee
Comments (0)
Add Comment