അനധികൃത സ്വത്ത് സമ്പാദന കേസ് : ജേക്കബ് തോമസിന് ഹൈക്കോടതിയിൽ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേ ഇല്ല

Jaihind News Bureau
Friday, May 29, 2020

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയിൽ തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ജേക്കബ് തോമസിന്‍റെ ആവശ്യം കോടതി തള്ളി.

സർവീസിൽ നിന്ന് നാളെ വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസ് സമർപ്പിച്ച ഹർജി തള്ളിയത്. കേസിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലെ രാജപാളയത്ത് 50 ഏക്കർ ഭൂമി വാങ്ങിയതിനെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദനകേസിന്‍റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്.

എന്നാൽ കേസിൽ ജേക്കബ് തോമസിനെതിരെ പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും വിജിലൻസിന് അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി ഷേർസി ചൂണ്ടിക്കാട്ടി. ഭൂമിയുടെ ആധാരമടക്കമുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയത്. ജേക്കബ് തോമസിന്‍റെ പേരിലാണ് തമിഴ്നാട്ടിൽ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.

കേസിന്‍റെ നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേസ് റദ്ദാക്കണമെന്ന ജേക്കബ് തോമസിന്‍റെ ഹർജിയിൽ അന്തിമ തീരുമാനമെടുക്കുക.