നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞു വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അശാസ്ത്രീയ നിര്‍മാണം കാരണം ഇന്നലെയാണ് മലപ്പുറം കൂരിയാട് അവസാനഘട്ട നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞ് വീണത്.
സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകള്‍ അപകടത്തില്‍പെട്ടിരുന്നു. രണ്ട് കാറുകള്‍ കാര്യമായ കേടുപാടുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് സ്ഥലത്ത് വിദഗ്ദ സംഘത്തിന്റെ ശാസ്ത്രീയ പരിശോധന നടക്കും. അപകടത്തില്‍പ്പെട്ട ഷംസുവും കുടുംബവും അത്ഭുതകരമായാണ് വലിയ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് ഷംസു ഉള്‍പ്പെടുന്ന കുടുംബം. ഷംസുവിനെയും മകളെയും കൂടാതെ 4സ്ത്രീകളാണ് അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്നത്.
അതേ സമയം രാവിലെ കളക്ടറേറ്റില്‍ ദേശീയപാത ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരും. യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഉച്ചക്ക് അപകടസ്ഥലം സന്ദര്‍ശിക്കും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ തുടങ്ങിയവരും അടൂര്‍പ്രകാശിനൊപ്പം സ്ഥലം സന്ദര്‍ശിക്കും.