സർക്കാര്‍ പ്രഖ്യാപിച്ച ടെലി മെഡിസിന്‍റെ മറവിലും ഗുരുതര ഡാറ്റാ തട്ടിപ്പ് : വി.ഡി സതീശന്‍ എം.എല്‍.എ

Jaihind News Bureau
Monday, April 20, 2020

കൊച്ചി : കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ടെലിമെഡിസിന്‍റെ മറവിലും നടന്നത് ഗുരുതരമായ ഡാറ്റ തട്ടിപ്പാണ്. കേരള ജനതയുടെ ആരോഗ്യവിവരങ്ങളടങ്ങിയ ഡാറ്റ സ്വകാര്യ കമ്പനിക്ക് സർക്കാർ കൈമാറ്റം ചെയ്തുവെന്ന് വി.ഡി സതീശൻ എം.എൽ.എ കുറ്റപ്പെടുത്തി. ഇതിനായി തിരഞ്ഞെടുത്ത ക്വിക് ഡോക്ടർ ഹെൽത്ത്കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കഥ ദുരൂഹമാണെന്നും വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ക്വിക്ക് ഡോക്ടർ ഹെൽത്ത്കെയർ ടെലിമെഡിസിൻ പദ്ധതി ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ വെബ്സൈറ്റ് (www.quikdrhealthcare.com) രജിസ്റ്റർ ചെയ്തതാകട്ടെ ഏപ്രിൽ ഏഴിനും. അതായത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ 6 ദിവസത്തിനുശേഷമാണ് വെബ്സൈറ്റ് തന്നെ രൂപീകരിച്ചിരിക്കുന്നത്. എറണാകുളം സ്വദേശി ആന്‍റണി സണ്ണിയും, തിരുവനന്തപുരത്ത് താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ലാലൻ വർഗീസുമാണ് കമ്പനി ഡയറക്ടർമാർ. പദ്ധതി പ്രകാരം ക്വിക് ഡോക്ടറിലേക്ക് വിളിക്കുന്നവരുടെ മെഡിക്കൽ ഹിസ്റ്ററി ഉൾപ്പടെയുള്ള സുപ്രധാന വിവരങ്ങൾ സ്വകാര്യ കമ്പനി ശേഖരിക്കുന്നു എന്ന് വി.ഡി സതീശൻ എം.എല്‍.എ പറഞ്ഞു. സർക്കാരിന്‍റെ പദ്ധതിയെന്ന്‌ വിശ്വസിച്ചു വിളിക്കുന്ന ജനങ്ങളുടെ ആരോഗ്യ വിവരങ്ങളാണ് കമ്പനി ശേഖരിക്കുന്നത്. ഈ സേവനം ലഭ്യമാക്കാൻ തയാറായി നിരവധി സ്റ്റാർട്ടപ്പുകൾ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും, അവരെ തഴഞ്ഞ് പുതുതായി കമ്പനി രൂപീകരിച്ചവരുമായി നടത്തിയ ഈ ഇടപാട് വലിയ തട്ടിപ്പാണെെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഡയറക്ടർമാരാകട്ടെ ഓട്ടോറിക്ഷ ഡ്രൈവറും, ലോഡ്ജ് നടത്തിപ്പുകാരനുമാണെന്നും, ഇത് സ്പ്രിങ്ക്ളർ കമ്പനിയുടെ ബിനാമി കമ്പനിയാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്വിക്ക് ഡോക്ടറുമായി കരാർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സർക്കാർ പുറത്തു വിടണം. കോവിഡിന്‍റെ മറവിൽ സർക്കാർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. ഈ കാലയളവിൽ ഐ.ടി വകുപ്പ് നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും വി.ഡി സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. സ്പ്രിങ്ക്ളറിന് ബഹുരാഷ്ട്ര മരുന്ന് നിർമ്മാണ കുത്തകയായ ഫൈസർ കമ്പനിയുമായി ഉള്ള ബന്ധത്തെ കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ ഈ കരാറിന്‍റെ ദുരുഹത വർധിപ്പിക്കുകയാണെെന്നും വി.ഡി സതീശൻ പറഞ്ഞു.