രജിസ്ട്രാർ നിയമനത്തിനുള്ള പ്രായപരിധിയിൽ ചട്ടവിരുദ്ധമായി മാറ്റം വരുത്തി; കണ്ണൂർ വിസിക്കെതിരെ ഗുരുതര ആരോപണം

Jaihind Webdesk
Friday, August 26, 2022

കണ്ണൂർ: രജിസ്ട്രാർ നിയമനത്തിനുള്ള പ്രായപരിധിയിൽ കണ്ണൂർ വിസി ചട്ടവിരുദ്ധമായി മാറ്റം വരുത്തിയെന്ന് കെപിസിടിഎ. ചട്ടപ്രകാരം 56 വയസ് വരെയുള്ളവർക്കാണ് രജിസ്ട്രാർ തസ്തികയ്ക്ക് അപേക്ഷ നൽകാവുന്നത്. എന്നാൽ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ഇടപെട്ട് പ്രായപരിധി 50 ആക്കിയെന്നാണ് ആരോപണം.

കണ്ണൂർ സർവകലാശാല ഇക്കഴിഞ്ഞ ആഗസ്റ്റ് 19-ാം തീയതി സ്റ്റ്യാറ്റൂറ്ററി പോസ്റ്റുകളായ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫൈനാൻസ് ഓഫീസർ എന്നീ തസ്തികകളുടെ സ്ഥിരം നിയമനത്തിനായി ഇറക്കിയ നോട്ടിഫിക്കേഷനിലാണ് വിസി യുടെ ചട്ടവിരുദ്ധമായ ഇടപെടലുകൾ നടന്നുവെന്ന ആരോപണമുള്ളത്. സർവകലാശാല 2019ൽ പുതുക്കിയ ആക്ട് പ്രകാരം 56 വയസായിരുന്നു പ്രായപരിധി. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ നോട്ടീസിൽ അമ്പത് വയസുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം അപേക്ഷിക്കാം എന്നാണുള്ളത്. ഇതിനോടൊപ്പം മുപ്പത് ദിവസം അപേക്ഷാ കാലയളവ് പന്ത്രണ്ട് ദിവസമായി ചുരുക്കുകയും ചെയ്തു.

ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ അധ്യാപകരുടെ സംഘടനയായ കെപിസിടിഎ ഗവർണറെ സമീപിച്ചിരിക്കുന്നത്. നിലവിൽ താല്‍ക്കാലിക രജിസ്ട്രാർ ആയ ജോബി കെ ജോസിനെ ഈ സ്ഥാനത്തിലേക്ക് നിയമിക്കുന്നതിന് വേണ്ടിയാണ് വിസി ശ്രമിക്കുന്നതെന്നാണ് കെപിസിടിഎ ആരോപിക്കുന്നത്.