കർണാടകയില്‍ മുതിർന്ന ബിജെപി നേതാവ് വി.എസ് പാട്ടീലും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് ഡി.കെ ശിവകുമാർ

Jaihind Webdesk
Thursday, December 15, 2022

ബംഗളുരു: കർണാടക ബിജെപിയില്‍ നിന്ന് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മുതിർന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ വി.എസ് പാട്ടീല്‍ കോണ്‍ഗ്രസില്‍ ചേർന്നു. യെല്ലാപൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് ശ്രീനിവാസ് ഭട്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം നൂറുകണക്കിന് അനുയായികളും കോണ്‍ഗ്രസിലേക്കെത്തിയിട്ടുണ്ട്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിന്‍റെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.

യെല്ലാപുർ മണ്ഡലത്തിലെ മുൻ എംഎൽഎയാണ് മുതിർന്ന നേതാവായ വി.എസ് പാട്ടീല്‍. കോണ്‍ഗ്രസിലേക്കെത്തിയ ശ്രീനിവാസ് ഭട്ട് ധാത്രിയുടെ സ്ഥാപക നേതാവ് കൂടിയാണ്. കഴിഞ്ഞ മാസം 21 ന് ബിജെപിയുടെ മറ്റൊരു നേതാവ് യു.ബി ബനകർ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹം ഹിരികെരുർ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ ആണ്. ഇദ്ദേഹത്തിന്‍റെ അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. വിവിധ പാർട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്കെത്തുമെന്ന് കെപിസിസി (Karnataka Pradesh Congress Committee) പ്രസിഡന്‍റ് ഡി.കെ ശിവകുമാർ പറഞ്ഞു. അടുത്ത വർഷമാണ് കർണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.