മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല് റെഡ്ഡി അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐ.കെ. ഗുജറാള്‍, മന്മോഹന് സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. വാര്‍ത്താ വിതരണം, പെട്രോളിയം, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ജനിച്ച എസ്. ജയ്പാല്‍റെഡ്ഡിയുടെ രാഷ്ട്രീയ പ്രവേശം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു. നാലുതവണ എം.എല്‍.എയും അഞ്ചുതവണ ലോക്സഭാ എം.പിയും രണ്ടുതവണ രാജ്യസഭാ എം.പിയുമായി. ഒന്നാം യു.പി.എ മന്ത്രിസഭയില്‍ നഗരവികസനം, സാംസ്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടാം മന്മോഹന് സര്‍ക്കാരില്‍ പെട്രോളിയം, ശാസ്ത്രസാങ്കേതികം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു.