മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചാരണം പ്രഖ്യാപിച്ചു

Jaihind News Bureau
Friday, April 11, 2025

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. 75 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് അഞ്ചിന് ചാത്തന്നൂര്‍ ശ്രീമാട്ടി ജംഗ്ഷനിലെ സ്വവസതിയായ ലക്ഷ്മി നിവാസില്‍ നടക്കും. തുടര്‍ന്ന് അനുശോചന യോഗവും നടക്കും.

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവും കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റും വീക്ഷണം മാനേജിങ് എഡിറ്ററുമായിരുന്നു ഡോ ശൂരനാട് രാജശേഖരന്‍. അസുഖ ബാധിതനായി ചികില്‍സയില്‍ തുടരവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. വൈകിട്ട് ചാത്തന്നൂരിലെ വീട്ടു വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പൊതുദര്‍ശനമുണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണശേഷം പൊതുദര്‍ശനം പാടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശൂരനാട് രാജശേഖരന്‍ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു. കേരളാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കേരളസംസ്ഥാനസഹകരണബാങ്ക് വൈസ്പ്രസിഡന്റ് എല്‍ ഐ സി ഓഫ് ഇന്ത്യയുടെ കേന്ദ്രഗവണ്‍മെന്റ് പ്രതിനിധിയായി ഡയറക്ടര്‍ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാലുമേല്‍ ഗവ. എല്‍.പി. സ്‌കൂള്‍, തഴവാ ആദിത്യവിലാസം ഗവ. ഹൈസ്‌കൂള്‍, ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജ്, തിരുവനന്തപുരം ലാ അക്കാദമി- ലാ കോളേജ്, ചങ്ങനാശ്ശേരി എസ്സ്. ബി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി.

കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. ദീര്‍ഘകാലം പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഡോക്ടര്‍ ശുരനാട് രാജശേഖരന്റെ നിര്യാണത്തെ തുടര്‍ന്ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചാരണം പ്രഖ്യാപിച്ചു.