മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Jaihind Webdesk
Sunday, September 25, 2022

 

കോഴിക്കോട്: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 87 വയസായിരുന്നു. ആരോഗ്യനില മോശമായതിന് പിന്നാലെ 4 ദിവസം മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

1977 മുതൽ 2011 വരെ  നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.  1980-82 കാലത്ത് ഇ.കെ നായനാർ മന്ത്രിസഭയിലെ തൊഴിൽ, വനം വകുപ്പ് മന്ത്രിയായിരുന്നു. ഒമ്പതാം നിയമസഭയിലെ എ.കെ. ആന്‍റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ (2004-06) വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1935 മേയ് 15ന് ആര്യാടൻ ഉണ്ണീ​ന്റെയും കദിയുമ്മയുടെയും മകനായി ജനനം.

ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെ.പി.സി.സി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ധൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ.ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ. ‍