മുതിർന്ന കോൺ​ഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

Jaihind News Bureau
Wednesday, November 25, 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുല‍ർച്ചെ 3.30ഓടെ ​ഗുരു​ഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. സംസ്കാരം ഗുജറാത്തിലെ ബറൂച്ചില്‍ നടക്കും.

കൊവിഡിനെ തുട‍ർന്ന് ആരോ​ഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബ‍ർ 15-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുട‍ർന്ന അഹമ്മദ് പട്ടേൽ പ്രാർത്ഥനകള്‍ വിഫലമാക്കി ഇന്ന് പുല‍ർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഒരു മന്ത്രിസഭയുടെയും ഭാഗമാകാതെ സംഘടനയ്‍ക്കായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അഹമ്മദ് പട്ടേലിന്‍റേത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച പട്ടേൽ യുപിഎ സർക്കാർ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മൂന്നുതവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എഐസിസി ട്രഷററായിരുന്നു. ദീർഘകാലം കേരളത്തിന്‍റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

https://www.facebook.com/JaihindNewsChannel/videos/133946888202247/

​ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാ‍ർലമെൻ്റിൽ എത്തിയത്. മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. 2017 ഓ​ഗസ്റ്റിലാണ് ഏറ്റവും ഒടുവിൽ പട്ടേൽ രാജ്യസഭയിൽ എത്തിയത്.