ഗുജറാത്തില്‍ മുതിർന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു

Jaihind Webdesk
Wednesday, November 2, 2022

 

ഗാന്ധിനഗർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിയെ ഞെട്ടിച്ച് മുതിർന്ന നേതാവ് കോണ്‍ഗ്രസില്‍ ചേർന്നു. മുന്‍ എംപി കൂടിയായ  പ്രഭാത്‌ സിംഗ് ചൗഹാനാണ് ബിജെപി വിട്ടത്. സച്ചിൻ പൈലറ്റ്, ജഗദീഷ് താക്കൂർ, സിദ്ധാർത്ഥ് പട്ടേൽ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രഭാത്‌ സിംഗ് ചൗഹാൻ കോൺഗ്രസിൽ ചേർന്നത്.

ഹലോൽ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു പ്രഭാത്‌ സിംഗ് ചൗഹാൻ. 1998, 2002 വർഷങ്ങളില്‍ കലോലിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു. ഗുജറാത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. ഏറെ നാളായി ചൗഹാൻ ബിജെപിയുമായി സ്വരച്ചേർച്ചയിലായിരുന്നില്ല. 2017 ല്‍ ഭാര്യക്ക് വേണ്ടി പ്രഭാത്‌ സിംഗ് ചൗഹാൻ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ചൗഹാനെ ബിജെപി പരിഗണിച്ചില്ല. പാർട്ടി ഇവിടെ പരാജയപ്പെടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിർന്ന നേതാവ് പാർട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയാണ്.