Shutdown in America| സെനറ്റില്‍ ധനബില്‍ പാസായില്ല; യുഎസിലെ അടച്ചുപൂട്ടല്‍ നീളും

Jaihind News Bureau
Saturday, October 4, 2025

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ ഐക്യനാടുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള ‘ഷട്ട്ഡൗണ്‍’ പ്രതിസന്ധി അടുത്ത ആഴ്ചയിലേക്കും നീളാന്‍ സാധ്യത. ഫെഡറല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനകാര്യ ബില്‍ പാസാക്കുന്നതില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് അടച്ചുപൂട്ടല്‍ തുടരുന്നത്. അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ധനകാര്യ ബില്‍ സെനറ്റില്‍ വീണ്ടും അവതരിപ്പിച്ചെങ്കിലും, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് (ഒബാമ കെയര്‍) പണം നല്‍കില്ലെന്ന ട്രംപിന്റെ നയത്തെ ഡെമോക്രാറ്റുകള്‍ ശക്തമായി എതിര്‍ത്തതോടെ ബില്‍ പാസാക്കാനായില്ല. സബ്സിഡി ഒഴിവാക്കാനുള്ള റിപ്പബ്ലിക്കന്‍ നിലപാടിനെതിരെ ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയാണ്.

ഷട്ട്ഡൗണ്‍ നീണ്ടുപോവുകയാണെങ്കില്‍ ഏഴര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലച്ചതോടെ സാധാരണക്കാരെയും സ്ഥിതി സാരമായി ബാധിച്ചു തുടങ്ങി. പ്രധാന ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രവര്‍ത്തനം സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം തടസ്സപ്പെട്ടതോടെ നിര്‍ത്തിവെച്ചു. ഇത് നാസയുടെ വിവിധ ദൗത്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

1981-ന് ശേഷം അമേരിക്കയില്‍ നിലവില്‍ വരുന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്. 2018-19 കാലയളവില്‍ 35 ദിവസം നീണ്ട ഭരണസ്തംഭനം ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ സര്‍ക്കാരിന്റെ വാര്‍ഷിക ഫണ്ടിംഗ് ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസാകാത്തതാണ് ഇത്തരം അടച്ചുപൂട്ടലുകള്‍ക്ക് കാരണം.