‘ചേച്ചീ ഒരു സെല്‍ഫി എടുത്തോട്ടെ?; ‘അതിനെന്താ…’ കുട്ടികളെ ചേർത്തുപിടിച്ച് ഉമാ തോമസ്

Jaihind Webdesk
Tuesday, May 31, 2022

 

കൊച്ചി: ‘ചേച്ചി, ഒരു സെൽഫി എടുത്തോട്ടെ?’…  കടവന്ത്ര സെന്‍റ് ജോസഫ് സ്കൂളിലെത്തിയ ഉമാ തോമസിനെ പിന്നിൽ നിന്നൊരു കുട്ടി വിളിച്ചു ചോദിച്ച ചോദ്യമാണ്. സ്റ്റുഡന്‍റ് കേഡറ്റുകളായ വിദ്യാർത്ഥികളാണ്. ‘അതിനെന്താ എടുക്കാമല്ലോ’ എന്ന മറുപടിയും ചേർത്തുപിടിക്കലും ഒരുമിച്ചായിരുന്നു. ഉടൻ തന്നെ കുട്ടികൾ സെൽഫി പകർത്തുകയും ചെയ്തു. ഇത് കണ്ട് ബൂത്തിലുള്ള മറ്റുള്ളവരും ചിത്രം എടുക്കണമെന്ന് പറഞ്ഞപ്പോൾ പോളിംഗ് ബൂത്തിനുള്ളിൽ ചിത്രമെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു.

 

 

യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ട് രേഖപ്പെടുത്തിയത് വീടിന് സമീപത്തുള്ള സ്കിൽടെക് ഐടിഐയിലെ അമ്പതാം നമ്പർ ബൂത്തിലായിരുന്നു. മക്കളായ വിഷ്ണു, വിവേക്, മരുമകൾ ബിന്ദു എന്നിവർക്കൊപ്പം എത്തിയാണ് ഉമ വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് മണ്ഡലത്തിലെ പരമാവധി ബൂത്തുകളിൽ നേരിട്ടെത്തി ബൂത്ത് ഏജന്‍റുമാരെയും യുഡിഎഫ് പ്രവർത്തകരെയും സന്ദർശിച്ചു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബൂത്തുകളിൽ സന്ദർശനം നടത്തുമ്പോഴും വലിയ സ്വീകരണമാണ് ഉമാ തോമസിന് ലഭിച്ചത്.