ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ ‘സെല്‍ഫി’ വേണമെന്ന് നിർദേശം ; സെല്‍ഫിയെടുത്ത് പ്രതിഷേധിച്ച് എൻഡോസൾഫാൻ ദുരിതബാധിതർ

Jaihind News Bureau
Tuesday, October 29, 2019

കാസർഗോഡ് : എൻഡോസൾഫാൻ ദുരിതബാധിതർ കാസർഗോട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദുരിതബാധിതരുടെ ആനുകൂല്യങ്ങൾക്കായുള്ള കണക്കെടുപ്പിനായി സെൽഫി എടുക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. അങ്കണവാടി ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

എൻഡോസൾഫാൻ ദുരിതബാധിത ആനുകൂല്യങ്ങൾക്ക് അർഹരായവരുടെ കണക്കെടുപ്പിനായി പോകുന്ന അംഗൻവാടി ജീവനക്കാർ ദുരിതബാധിതർക്കൊപ്പം സെൽഫി എടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു സമരം. തീരുമാനം ദുരിതബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കുറ്റപ്പെടുത്തി.
കാസർഗോഡ് ഒപ്പുമരച്ചുവട്ടിൽ നടന്ന സമരം നാരായണൻ പേരിയ ഉദ്ഘാടനം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി അങ്കണവാടി അധ്യാപകര്‍ക്കൊപ്പം സെല്‍ഫി എടുത്ത് കളക്ടർക്ക് അയക്കണമെന്നത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുരിതബാധിതര്‍ പറയുന്നു. ക്ഷേമാന്വേഷണത്തിന്‍റെ ഭാഗമാണിതെന്ന് വിശദീകരിക്കുമ്പോഴും  ദുരിതബാധിതരുടെ ക്ഷേമം അന്വേഷിക്കാന്‍ അധികൃതർ തയാറാകുന്നില്ലെന്ന് ഇവർ ആക്ഷേപം ഉന്നയിക്കുന്നു. മാത്രമല്ല, ദുരിതബാധിതരെ അങ്കണവാടിയിലേക്ക് വിളിച്ചുവരുത്തിയും, വഴിയില്‍ തടഞ്ഞുനിർത്തിയുമാണ് സെല്‍ഫിയെടുക്കലെന്നും ആക്ഷേപമുണ്ട്. സെൽഫിയെടുക്കാതെ തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് സമരസമിതി വ്യക്തമാക്കി.

അമ്മമാരും ദുരിത ബാധിതരും സെൽഫി എടുത്തായിരുന്നു പ്രതിഷേധ കൂട്ടായ്മയിൽ അണി നിരന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അറിയിച്ചു.

teevandi enkile ennodu para