കീവ്: പത്താം ദിവസവും യുക്രെയ്നിൽ പോരാട്ടം രൂക്ഷമായി തുടരുന്നു. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്ഥിതി രൂക്ഷമാണെന്നാണ് റിപ്പോർട്ടുകള്‍. സപ്പോർഷ്യക്ക് പിന്നാലെ കൂടുതൽ ആണവനിലയങ്ങൾ റഷ്യ ലക്ഷ്യം വെക്കുന്നുവെന്ന് അമേരിക്ക. അതേസമയം നാറ്റോ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊലോദിമിർ സെലെന്‍സ്കി രംഗത്തെത്തി. അതേസമയം ബിബിസി ഉള്‍പ്പെടെയുള്ള വാർത്താ ചാനലുകൾ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകള്‍.
വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിന്‍റെ നടപടിക്കെതിരെയാണ് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിർ സെലെന്‍സ്കി രൂക്ഷ വിമർശനമുന്നയിച്ചത്. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന്സെലെന്‍സ്കി ആരോപിച്ചു. യുക്രെയ്ന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും തുടര്‍ന്നും ബോംബാക്രമണം നടത്താന്‍ റഷ്യയ്ക്ക് പച്ചക്കൊടി കാട്ടുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ചെയ്തിരിക്കുന്നത്. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു.
നാറ്റോ വ്യോമനിരോധന മേഖല പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ യുക്രെയ്‌ന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചെത്തുന്ന റഷ്യന്‍ വിമാനങ്ങള്‍ നാറ്റോ സേനയ്ക്ക് വെടിവച്ചിടേണ്ടിവരും. ഇക്കാര്യത്തില്‍ നാറ്റോ സഖ്യം അലംഭാവം കാണിക്കുന്നുവെന്നാണ് യുക്രെയ്ന്‍റെ വിമർശനം. വെള്ളിയാഴ്ച ചേര്‍ന്ന നാറ്റോ ഉച്ചകോടിയാണ് യുക്രെയ്‌ന്‍റെ ആവശ്യം തള്ളിയത്. നാറ്റോ യുദ്ധത്തിന്‍റെ ഭാഗമല്ലെന്നും വ്യോമനിരോധന മേഖല പ്രഖ്യാപിക്കുന്നത് റഷ്യയുമായി നേരിട്ടുള്ള യുദ്ധത്തിന് ഇടയാക്കുമെന്നും നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബര്‍ഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം വിവിധ വാർത്താ ചാനലുകൾ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. സിഎൻഎനും ബിബിസിയും റഷ്യയിൽ സംപ്രേഷണം നിർത്തിയതായി അറിയിച്ചു. യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.
കാനഡയുടെ ഔദ്യോഗിക ചാനലായ സിബിസി ന്യൂസും, ബ്ലൂബര്‍ഗ് ന്യൂസും റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു. യൂട്യൂബും ട്വിറ്ററും റഷ്യയിൽ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഫേസ്ബുക്കിന് റഷ്യ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം വ്യാപകമാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിന് റഷ്യ വിലക്കേർപ്പെടുത്തിയത്. റഷ്യൻ മാധ്യമങ്ങളോടും വാർത്താ ഏജൻസികളോടും 2020 മുതൽ ഫേസ്ബുക്ക് വിവേചനം കാണിക്കുന്നതായും റഷ്യൻ മീഡിയ റെഗുലേറ്റർ ബോർഡ് ആരോപിക്കുന്നു.
റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നിരവധി ടെക് കമ്പനികള്‍ ഇതിനോടകം തങ്ങളുടെ സേവനം അവസാനിപ്പിച്ചിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, ഇന്‍റല്‍, എഎംഡി, ഓറക്കിള്‍ തുടങ്ങി നിരവധി കമ്പനികള്‍ റഷ്യയിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചു. റഷ്യയിൽ പുതിയ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പന താത്കാലികമായി നിർത്തിയതായി മൈക്രോസോഫ്റ്റ് വ്യക്തമാക്കി. റഷ്യയിൽ എല്ലാ പരസ്യങ്ങളും താത്കാലികമായി നിർത്തിയതായി ഗൂഗിളും അറിയിച്ചു.