സിപിഎം നേതാവിന്‍റെ പക്കല്‍ നിന്ന് കഞ്ചാവ് പിടിച്ചു, പിന്നാലെ എസ്ഐക്ക് സ്ഥലംമാറ്റം; റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് | VIDEO

Jaihind Webdesk
Thursday, October 7, 2021

കൊച്ചിയിൽ സിപിഎം നേതാവിന്‍റെയും കൂട്ടാളികളുടേയും പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നേതാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഷാഡോ പോലീസ് എസ്ഐ ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

വീഡിയോയിലുള്ള സിപിഎം നേതാവിനെതിരെ കേസെടുത്ത എസ്ഐക്കെതിരെ അന്വേഷണം നടത്തി സ്ഥലം മാറ്റിയതിന് പിന്നാലെയാണ് വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് മുൻ നേതാവും – എളമക്കര ലോക്കൽ കമ്മിറ്റി അംഗവുമായ മുഹമ്മദ് ഷിബിലിക്കെതിരെ കേസെടുത്തതിന് എസ്ഐ എഫ്. ജോസഫ് സാജനെയാണ് എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി സ്ഥലം മാറ്റിയത്. സിപിഎം നേതാവിനെ മനപൂർവം കഞ്ചാവ് കേസിൽ കുടുക്കി എന്നാരോപിച്ചായിരുന്നു റെയ്ഡിന് നേതൃത്വം നൽകിയ എസ്ഐക്കെതിരെയുള്ള നടപടി.

കഴിഞ്ഞ മാസം അഞ്ചിനു കലൂർ ദേശാഭിമാനി ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ രാത്രി 12.30ന് കഞ്ചാവുമായി സിപിഎം നേതാവ് ഉൾപ്പെടെ നാലംഗ സംഘത്തെ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സ് പിടികൂടി നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുറഞ്ഞ അളവിലുള്ള കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത് എന്നതിനാൽ ഗൗരവ നടപടി വേണ്ട എന്ന നിലപാടാണ് മുതിർന്ന ഉദ്യോഗസ്ഥർ സ്വീകരിച്ചത്. വിൽപനയ്ക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചെന്ന് എഫ്ഐആറിൽ എഴുതിച്ചേർത്തതും, അറസ്റ്റ് വാർത്ത മാധ്യമങ്ങളിൽ വന്നതുമാണ് നേതാക്കളെ ചൊടിപ്പിച്ചത്.

റെയ്ഡ് മനപ്പൂർവമായിരുന്നെന്നും പാർട്ടിയിലെ എതിർചേരിയിലുള്ളവർക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയാണ് കേസെടുത്തതെന്നും ആരോപിച്ചാണ് എസ്ഐയെ കൊച്ചി കടവന്ത്രയിലേയ്ക്ക് ട്രാൻസ്ഫർ നൽകിയത്. റെയ്ഡിന് ലഭിച്ച വിവരം സംബന്ധിച്ച് പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു എസിപിയുടെ കണ്ടെത്തൽ. പാർട്ടിയിലെ വിഭാഗീയത മൂലം തെറ്റായ വിവരം നൽകി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും സാമൂഹ്യ അകലം പാലിക്കാത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ഷിബിലി പാർട്ടിക്ക് നൽകിയ വിശദീകരണം.

 

https://www.youtube.com/watch?v=b12NCpZd9XI