പത്തനംതിട്ട : സീതത്തോട് സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറി കെ.യു ജോസ്. ബാങ്കിലെ എല്ലാ കാര്യങ്ങളും കോന്നി എംഎല്‍എ ജനീഷ് കുമാറിനും സിപിഎമ്മിനും വ്യക്തമായി അറിയാവുന്നതാണ്. പാർട്ടിയും എംഎല്‍എയും അറിയാതെ ഒരു കാര്യങ്ങളും ബാങ്കില്‍ നടന്നിട്ടില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി.
പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ക്ക് തന്നോട് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്നും മുന്‍ ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ജോസ് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ല. ബാങ്കിന്‍റെ മുഴുവന്‍ കാര്യങ്ങളും പാര്‍ട്ടിക്കും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ല. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും ജോസ് ആരോപിച്ചു. സസ്‌പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും സഹകരണവകുപ്പിനും പരാതി നല്‍കുമെന്നും ജോസ് വ്യക്തമാക്കി.
2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് മുന്‍ഭരണസമിതിക്കും എംഎല്‍എയ്ക്കുമെതിരേ ആരോപണവുമായി കെ.യു ജോസ് രംഗത്തെത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന കെ.യു ജോസ് നിലവില്‍ ആങ്ങമൂഴി ലോക്കല്‍ കമ്മിറ്റിയംഗമാണ്.