പത്തനംതിട്ട : സിപിഎം നേതൃത്വം നൽകുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിന്‍റെ ഉത്തരവാദിത്വം ബാങ്ക് സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് തലയൂരാന്‍ നേതാക്കളുടെ ശ്രമം. സിപിഎം ലോക്കൽ കമ്മറ്റിയംഗമായ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോസിനെ ബലിയാടാക്കി തടിയൂരാനാണ് സിപിഎം ശ്രമം.
ഞായറാഴ്ച ചേർന്ന ആങ്ങമൂഴി ലോക്കൽ കമ്മിറ്റി യോഗമാണ് ജോസിനെ പുറത്താക്കിയത്. ബാങ്കിൽ നടന്ന കോടികളുടെ വെട്ടിപ്പിന്‍റെ ഉത്തരവാദിത്വം ജോസിന് മാത്രമാണെന്ന് വരുത്തിയാണ് നടപടി. ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്.
2018-19 സാമ്പത്തിക വർഷത്തിന് ശേഷം ഓഡിറ്റിംഗ് നടക്കാത്ത ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു. കോടികളുടെ തിരിമറിയാണ് നടത്തിയിരിക്കുന്നത്. അവസാനം നടന്ന ഓഡിറ്റ് റിപ്പോർട്ടിൽ 2,16,52,409.33 രൂപയാണ് നഷ്ടം. ആകെ നഷ്ടം 5, 75,69,056.97 രൂപയാണ്. ഇതിന് ശേഷം ഇവിടെ ഓഡിറ്റ് നടന്നിട്ടില്ലെന്നതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി കൂടുമെന്നത് വ്യക്തമാണ്.
തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്കുള്ള പങ്ക് മറയ്ക്കാന്‍ സെക്രട്ടറിയെ മാത്രം ബലിയാടാക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. അതേസമയം സത്യം തുറന്നുപറയുമെന്ന ഭയം ചിലർക്കുണ്ടെന്നും തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും ജോസ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് ജോസ് ബന്ധുക്കളോട് പറഞ്ഞതായും വിവരമുണ്ട്.