സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ സംശയങ്ങളുണ്ടെന്ന് ഭാര്യ; പാര്‍ട്ടി ഉത്തരം പറയണമെന്നും സീന

Jaihind Webdesk
Wednesday, January 30, 2019

മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീന ഭാസ്‌കര്‍.  മരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ബ്രിട്ടോ ഹൃദ്രോഗിയായിരുന്നില്ലെന്നും നീന പറയുന്നു.

സൈമണ്‍ ബ്രിട്ടോയെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സില്‍ ഓക്സിജന്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഓക്സിജനുള്ള ആംബുലൻസ് വേണമെന്ന് ബ്രിട്ടോ ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഓക്സിജന്‍ ഇല്ലാത്ത ആംബുലന്‍സാണ് കൊണ്ടുവന്നതെന്ന് സീന പറയുന്നു.

തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സൈമണ്‍ ബ്രിട്ടോയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് കൂടെയുണ്ടായിരുന്നവര്‍ പലതരത്തിലാണ് വിശദീകരിക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. ഹൃദ്രോഗിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു, എന്നാല്‍ അങ്ങനെയല്ല. കൂടാതെ പ്രായം ഉള്‍പ്പെടെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍  റിപ്പോര്‍ട്ടുകളെല്ലാം പാര്‍ട്ടിയാണ് വാങ്ങിയത്. അതിനാല്‍ മരണത്തെക്കുറിച്ച് മറുപടി പറയാനാകുക പാര്‍ട്ടിക്കാണെന്നും സീന ഭാസ്കര്‍ ഒരു മലയാളം വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇതിനിടെ അസുഖബാധിതനായ ബ്രിട്ടോയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായും അദ്ദേഹം മരിച്ചശേഷം പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞതായും ഡോക്ടര്‍മാര്‍ പറയുന്നു.