രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീം കോടതി; പുതിയ കേസുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും നിർദേശം

ന്യൂഡല്‍ഹി: രാജ്യദ്രോഹത്തിനെതിരായ നിയമം താത്കാലികമായി മരവിപ്പിച്ച് സുപ്രീം കോടതി . പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം.

രാജ്യദ്രോഹത്തിനെതിരായ നിയമം താത്കാലികമായി മരവിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ ആണ് താത്കാലികമായി മരവിപ്പിച്ചത്. നിയമം പുനഃപരിശോധിക്കാമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം നിയമം മരവിപ്പിക്കേണ്ടതില്ലെന്നും നിലപാടെടുത്തു. രാജ്യദ്രോഹ കേസുകളിൽ 13,000 പേർ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശിക്കാമെന്നും കേസ് രജിസ്റ്റർ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാടറിയിച്ചു. എന്നാൽ ഹർജിക്കാർക്ക് വേണ്ടി ഹാജരായ കബിൽ സിബൽ നിയമം മരവിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു.

തുടർന്ന് നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിർത്തിവെയ്ക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു.  പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗനിർദ്ദേശം സർക്കാരിന് തയാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. പുനഃപരിശോധന പൂർത്തിയാക്കി കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിയമം താത്കാലികമായി മരവിപ്പിക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

Comments (0)
Add Comment