പ്രധാനമന്ത്രിക്ക് കത്തയച്ചതിനെടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി ; പരാതിക്കാരനെതിരെ കേസെടുക്കാന്‍ പോലീസ്

ആൾക്കൂട്ട ആക്രമണങ്ങൾക്ക് എതിരെ പ്രധാന മന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 50 ഓളം പ്രമുഖർക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് ബിഹാർ പോലീസ് റദ്ദാക്കി. തെറ്റായ വിവരങ്ങൾ ഉന്നയിച്ചാണ് പരാതി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ അഭിഭാഷകൻ സുധീർകുമാർ ഓജക്കെതിരെ കേസെടുക്കുമെന്നും ബിഹാർ പോലീസ് വ്യക്തമാക്കി.

ജയ് ശ്രീറാം വിളികളുടെ പേരിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച 50 പ്രമുഖർക്ക് എതിരെ ആണ് ബിഹാർ പോലീസ് കഴിഞ്ഞ ദിവസം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അഭിഭാഷകൻ ആയ സുധിർ കുമാർ ഓജ സമർപ്പിച്ച ഹർജിയിൽ മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യ കാന്ത് തിവാരിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു നടപടി. രാജ്യത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതും രാജ്യത്തിന്‍റെ പ്രതിഛായക്ക് കളങ്കം വരുത്തുന്നതുമാണ് കത്തെന്നായിരുന്നു സുധീർ കുമാർ ഒജയുടെ വാദം.

ഇന്ത്യൻ പീനൽ കോഡിലെ രാജ്യദ്രോഹം, പൊതുജനശല്യം, മതവികാരം വ്രണപ്പെടുത്തൽ, ക്രമസമാധാന ലംഘനത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇട്ടാണ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരുന്നത്. ബിഹാർ പോലീസിന്‍റെ ഈ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം കോൺഗ്രസിന്‍റെയും മറ്റ് പോഷക സംഘടനകളുടേയും ഭാഗത്തുനിന്നും തുടരുന്നതിനിടെയാണ് കേസുകൾ പിൻവലിക്കാനുള്ള പോലീസ് നീക്കം. പരാതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെളിവുകളില്ലാതെയാണ് പരാതി നൽകിയതെന്നുമാണ് പൊലീസിന്‍റെ ഇപ്പോഴത്തെ കണ്ടെത്തൽ. അതിനാൽ കേസ് അവസാനിപ്പിക്കാൻ കോടതിയോട് ആവശ്യപ്പെട്ടു എന്ന് മുസാഫിർപുർ എസ്.പി മനോജ് കുമാർ സിൻഹ പറഞ്ഞു. തെറ്റായ പരാതി നൽകിയതിന് സുധീർകുമാർ ഓജക്കെതിരെ ഐ.പി.സി 182, 211 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കും എന്നും മുസഫർപുർ എസ്.പി പറഞ്ഞു.

Adoor Gopalakrishnanletter to pm
Comments (0)
Add Comment