ഷഹീന്‍ ബാഗില്‍ നിരോധനാജ്ഞ : നടപടി സംഘർഷ സാധ്യത കണക്കിലെടുത്തെന്ന് പൊലീസ്

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണത്തിനുള്ള  സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഷഹീന്‍ ബാഗില്‍ വന്‍ സുരക്ഷാ സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രദേശത്ത് കൂട്ടംകൂടരുതെന്ന അറിയിപ്പും നല്‍കിയിട്ടുണ്ട്. സമ്മേളനങ്ങളോ മറ്റ് പരിപാടികളോ നടത്താന്‍ അനുവാദമുണ്ടായിരിക്കുന്നതല്ലെന്നും നടപടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡല്‍ഹി പൊലീസ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

ഷഹീന്‍ ബാഗിലെ സമരക്കാർക്കെതിരെ പ്രതിഷേധ പ്രകടനത്തിന് ഹിന്ദു സേന ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധത്തിന് തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ശനിയാഴ്ച ഹിന്ദു സേന പിന്മാറി. ഇത്തരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പൊലീസ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2019 ഡിസംബറിലാണ് ഷഹീന്‍ ബാഗില്‍ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഷഹീന്‍ ബാഗില്‍ നിന്നും സമരപ്പന്തല്‍ മാറ്റുന്നതിനെ സംബന്ധിച്ച് കോടതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്യുന്നവർക്കെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 42 പേർ മരിച്ചിരുന്നു.

Shaheen Bagh Protest
Comments (0)
Add Comment