തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. രാഹുലിനൊപ്പം 4 യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും റിമാൻഡ് ചെയ്തു. മാർച്ചിലെ സംഘർഷത്തിൽ 11 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്‍റെ നരനായാട്ടാണ് അരങ്ങേറിയത്. ഏഴ് തവണയില്‍ അധികം പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് അതിക്രമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി, ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കുണ്ട്. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഘർഷത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.