ഭരണസിരാകേന്ദ്രത്തിനു മുന്നിൽ ജീവനക്കാരുടെ ശയനപ്രദക്ഷിണം; പ്രതിഷേധം ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്

Jaihind Webdesk
Monday, July 1, 2024

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസിരാകേന്ദ്രത്തിനു മുന്നിൽ ജീവനക്കാരുടെ ശയനപ്രദക്ഷിണ പ്രതിഷേധം. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് നൂറുകണക്കിന് ജീവനക്കാർ പ്രതിഷേധിച്ചത്. എട്ടു വർഷമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അലംഭാവം കാണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ ശയന പ്രദക്ഷിണ പ്രതിഷേധം സംഘടിപ്പിച്ചത്.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരുടെ ആവശ്യങ്ങൾ ഒന്നും സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ജീവനക്കാരോട് നിഷേധാത്മക സമീപനം തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരല്ല, മുഖ്യമന്ത്രിയാണ് ശയന പ്രദക്ഷിണം നടത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള തങ്ങളുടെ അവകാശങ്ങൾ നൽകാത്ത സർക്കാർ തങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി കവരുകയാണെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി. ഇനിയും സർക്കാർ സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ തുടർ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ.