തദ്ദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ്

Jaihind News Bureau
Thursday, December 10, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രണ്ടാംഘട്ടത്തിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. കോട്ടയവും തൃശൂരും വയനാടുമാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ളത്.

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 12 മണിവരെ 41 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് പാലക്കാട് നഗരസഭാ 23 വാര്‍ഡില്‍ വോട്ടിങ് വൈകി. സ്ഥാനാര്‍ഥികളും വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പലരും വോട്ട് ചെയ്യാതെ മടങ്ങി. പിന്നീട് കേബിള്‍ തകരാറെന്ന് കണ്ടെത്തി പ്രശ്നം പരിഹരിച്ചു.

മാനന്തവാടിയിൽ ഒരു വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശിലേരി വരിനിലം കോളനി ദേവി (ജോച്ചി-54) ആണ് മരിച്ചത്. തൃശിലേരി ജി.എച്ച്.എസ്.എസില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ദേവി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെരുമ്പാവൂര്‍ മുടക്കുഴയില്‍ രണ്ടാമതെത്തിച്ച വോട്ടിങ് യന്ത്രവും തകരാറിലായതിനെത്തുടര്‍ന്ന് വോട്ടര്‍മാര്‍ പലരും മടങ്ങി. മുണ്ടക്കയം ഇളങ്കാട് അഞ്ചാംവാര്‍ഡില്‍ ആറുമണിക്ക് പോളിങ് തുടങ്ങി. പ്രതിഷേധത്തെത്തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു. ആദ്യം വോട്ട് ചെയ്ത 19 പേരെ വീണ്ടും വോട്ട് ചെയ്യിച്ചു.

കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ 5 ജില്ലകളിലായി 98,57,208 വോ​ട്ട​ർ​മാരാണ് ഇന്ന് വി​ധി​യെ​ഴു​തുന്നത്. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ്. 12,643 ബൂ​ത്തുകളിലായി 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ൽ 57,895 പേ​ർ ക​ന്നി വോ​ട്ട​ർ​മാ​രാ​ണ്.