കാഞ്ഞിരപ്പള്ളി വിട്ട് കൊടുക്കില്ലെന്ന് സിപിഐ; കോട്ടയത്ത് സീറ്റ് വിഭജനം ഇടതു മുന്നണിയ്ക്ക് കീറാമുട്ടിയാകുന്നു

കോട്ടയം: നിയമസഭ തെരഞ്ഞടുപ്പിൽ ജില്ലയിലെ സീറ്റ് വിഭജനം ഇടതുമുന്നണിക്ക് കീറാമുട്ടിയാകുന്നു. വർഷങ്ങളായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ട് നൽകാനാവില്ലെന്ന നിലപാട് കടുപ്പിച്ച് സിപിഐ. പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പനും വ്യക്തമാക്കി കഴിഞ്ഞു.

സി.പി.ഐയും മാണി സി. കാപ്പനും നിലപാട് കടുപ്പിച്ചതോടെ സീറ്റ് വിഭജനം എങ്ങനെ പുർത്തിയാക്കുമെന്ന് ആശങ്കയിലാണ് ഇടതു മുന്നണി. കാഞ്ഞിരപ്പള്ളിയിലെ നിലവിലെ എം.എൽ.എ പ്രൊഫസർ ജയരാജനായാണ് ജോസ് വിഭാഗം സീറ്റ് ചോദിക്കുന്നത്. സി.പി.എമ്മിനും ഇത് സമ്മതമാണ്. എന്നാല്‍ സി.പി.ഐ അയയുന്നില്ല. ഇതാണ് സി.പി.എമ്മിനെ കുഴയ്ക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ ജില്ലയിൽ സി.പി.ഐയാണ് മുന്നണിയിൽ രണ്ടാമത്തെ വലിയ കക്ഷി എന്നാണ് സിപിഐയുടെ വാദം.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടതു മുന്നണിയിലേക്കുള്ള വരവോടെ സിപിഐയെ സിപിഎം തഴഞ്ഞ മട്ടാണ്. സിപിഐയുടെ പ്രാധാന്യത്തെ കുറച്ച് കാണിക്കാൻ സി.പി.എം ജില്ല നേത്യത്വം ബോധപുർവമായ ശ്രമം നടത്തുന്നതായി സി.പി.ഐയ്ക്ക് പരാതിയുമുണ്ട്. പക്ഷേ ഈ പരാതി സി.പി.എം ഗൗരവമായി എടുക്കുന്നില്ല. ഇതാണ് സി.പി.ഐ യെ ചൊടിപ്പിക്കുന്നത്. സംസ്ഥാന തലത്തിലും ഇക്കാര്യത്തിൽ മുന്നണിയെ ധരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. അതേ സമയം നേത്യത്വത്തിന്‍റെ ഇപ്പോഴത്തെ എതിർപ്പ് പാഴാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നത്.

നിലവിലെ സാഹചര്യത്തൽ ജോസ് വിഭാഗത്തിന് കാഞ്ഞിരപ്പള്ളി വിട്ട് നൽകേണ്ടി വരും. ദുർബലമായ നേതൃത്വമാണ് ഇതിന് കാരണം. കാഞ്ഞിരപ്പളളി വിട്ട് നൽകി ജോസ് വിഭാഗത്തിന് കീഴടങ്ങിയാൽ ജില്ലയിൽ പാർട്ടി ദുർബലമാകുമെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്‍റെ അഭിപ്രായം.

cpmCPI
Comments (0)
Add Comment