വയനാട് പുത്തുമല ഉരുൾപൊട്ടലിൽ കണ്ടെത്താനുള്ള അഞ്ച് പേർക്കായി നടത്തി വന്ന തെരച്ചിൽ ഔദ്യോഗികമായി അവസാനിപ്പിച്ചതായി സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്. പ്രദേശിക സന്നദ്ധ പ്രവർത്തകർ തെരച്ചിൽ തുടരും. ദുരന്തത്തിൽ മരിച്ച പന്ത്രണ്ട് പേരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതിന്‍റെ തുല്യമായ നഷ്ടപരിഹാരം കാണാതായ അഞ്ച് പേരുടെ ബന്ധുക്കൾക്കും ലഭ്യമാക്കുമെന്നും അദ്ദേഹം അവലോകന യോഗത്തിൽ വ്യക്തമാക്കി.
പതിനേഴ് പേരെ കാണാതായ വയനാട് പുത്തുമല ഉരുൾപൊട്ടലിൽ പതിനെട്ട് ദിവസം നടത്തിയ തിരച്ചിലിൽ പന്ത്രണ്ട് പേരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചു. തിരിച്ചറിയാൻ കഴിയാത്തതിനെ തുടർന്ന് അവസാനം ലഭിച്ച ഒരു സ്ത്രീയുടെയും പുരുഷന്‍റെയും മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിലെ റീജിയണൽ ഫോറൻസിക് സയൻസസ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിൽ പുരുഷന്‍റെ മൃതദേഹം ഗൗരിശങ്കറിന്‍റേതാണെന്ന് ഡി.എൻ.എ ഫലം വന്നു. പ്രദേശത്ത് ഔദ്യോഗികമായി നടത്തിവന്ന തെരച്ചിൽ അവസാനിപ്പിച്ചു. ഇനി അവശേഷിക്കുന്ന അഞ്ചുപേർക്കായുള്ള തിരച്ചിൽ പ്രാദേശികമായി തുടരുമെന്ന് സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ വ്യക്തമാക്കി. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് അർഹമായ അനുകൂല്യം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാണാതായവരുടെ കുടുംബങ്ങളുടെ പൂർണസമ്മതത്തോടെയാണ് നിലവിൽ ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ തെരച്ചിൽ ആവശ്യപ്പെട്ടാൽ വൈത്തിരി തഹസിൽദാരുടെ നേതൃത്വത്തിലുളള സംഘം പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാൻ വേണ്ട നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.