കൊല്ലം പള്ളിമൺ ഇളവൂരിൽ ആറ് വയസ്സുകാരിയെ കാണാതായ സംഭവം ചാത്തന്നൂർ ഏസി പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സൈബർ വിദഗ്ധരും ശാസ്ത്ര വിദഗ്ധരും അന്വേഷണ സംഘത്തിൽ ഉണ്ട്. വീട്ടിനുള്ളിൽ കുഞ്ഞ് സഹോദരനൊപ്പം ഇരിക്കുകയായിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദയെയാണ് കാണാതായത്. കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. കുട്ടിയെ കണ്ടെത്തിയതായി സമുഹ മാധ്യമങ്ങളിലൂടെ കള്ള പ്രചരണം നടത്തു ന്നവർക്കെതിരെ നടപടി എടുക്കുമെന്ന് പോലിസ് അറിയിച്ചു .
രാവിലെ 11 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. അമ്മ തുണികഴുകാൻ പോകുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാെല എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാൻ പറഞ്ഞു. കുഞ്ഞ് അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് അമ്മ തുണി കഴുകാൻ പോയത്. എന്നാൽ തിരികെ വന്നപ്പോൾ കുട്ടിയെ കണ്ടില്ല.
വീടിന് സമീപത്ത് വേറെ വാഹനങ്ങൾ വന്ന ശബ്ദം കേട്ടില്ലെന്നും അമ്മ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാൻ പോകില്ലെന്നും അമ്മ പറയുന്നു. കുട്ടിയുടെ അച്ഛൻ പ്രദീപ് ഗൾഫിലാണ്.
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായി പത്തു മണിക്കൂറിലേറെ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. പൊലീസും നാട്ടുകാരും നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ഒന്നടങ്കം ദേവനന്ദയെ തിരയുകയാണ്. പൊലീസ് നായ മണം പിടിച്ച് വീടിന് സമീപമുള്ള പുഴയ്ക്കരികിലും വള്ളക്കടവിലേക്കും എത്തിയിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് നായ അവിടെ നിന്ന് തിരിച്ച് കുട്ടിയുടെ വീട്ടിലേക്കും മടങ്ങിയിരുന്നു. ഇതേത്തുടർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവിടെ നിന്നും കാര്യമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
ദേവനന്ദയെ തിരയുന്നതിനായി സഹായം അഭ്യർത്ഥിച്ച് നടന്മാരായ കുഞ്ചാക്കോ ബോബനും പിന്നീട് മോഹൻലാലും ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.