വയനാടില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും; രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ്

 

വയനാട്: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്നും നാളെയും  അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.

എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല. വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തിരച്ചിൽ നടത്തും.

ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിൽ നടത്തും. ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം വീടുകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക. എന്നാൽ കഴിഞ്ഞ ദിവസം പരപ്പൻ പാറയിൽ നിന്നും ലഭിച്ച മൃതദ്ദേഹവശിഷ്ടങ്ങൾ ഇന്നലെ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. കണ്ട്രോൾ റൂമിൽ വിളിച്ചുകൊണ്ട് സഹായം ആവശ്യപെട്ടപ്പോൾ കണ്ടില്ലെന്ന ഭാവം നടിക്കുകയായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു . ഈ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കാനാണ് സംഘത്തിന്‍റെ തീരുമാനം.

Comments (0)
Add Comment