കാണാതായ വിമാനത്തിനായി തെരച്ചിൽ തുടരുന്നു

അരുണാചൽ പ്രദേശിൽ കാണാതായ വിമാനത്തിനായി തെരച്ചിൽ തുടരുന്നു. കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക തെരച്ചിൽ സംഘത്തെ നിയോഗിച്ചതായി വ്യോമസേന അറിയിച്ചു.

ഗരുഡ് കമാന്‍റോസും പർവതാരോഹകരും ഉൾപ്പെട്ട സംഘം പുലർച്ചെയോടെ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങി. മോശം കാലാവസ്ഥയും പ്രദേശത്തെ താഴ്ച്ചയും തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നേരത്തെ എംഐ 17 ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ അവശിഷ്ടങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കൂടുതൽ അവശിഷ്ടങ്ങൾക്കായി പരിശോധന നടക്കുന്നത്. ലിപോയിൽ നിന്ന് 16 കിലോമീറ്റർ വടക്കു മാറിയുള്ള പാരി കുന്നിൻ ചെരിവിലെ വനത്തിലാണ് ഇവ കണ്ടെത്തിയത്. ഗാട്ടാ ഗ്രാമത്തിൽ നിന്ന് അൽപം അകലെയുള്ള പാരി കുന്നുകളിലേക്ക് എത്തിപ്പെടാൻ വഴിയില്ലാത്തതും തെരച്ചിലെ ബാധിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരെ കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകൾ ഇന്നലെ സ്ഥലത്ത് ഇറക്കാൻ ശ്രമിച്ചെങ്കിലും കുന്നിന്‍റെ ചെരിവും വനത്തിന്‍റെ നിബിഡതയും കാരണം നടന്നില്ല. ഈ മാസം മൂന്നിനാണ് അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് മെചുകയിലേക്ക് പറക്കവെ എഎൻ 32 വിമാനം കാണാതായത്.

Comments (0)
Add Comment