നരഭോജി കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്; കുങ്കിയാനകളെ ഉപയോഗിച്ച് ഇന്ന് തിരച്ചില്‍ നടത്തും

Jaihind News Bureau
Saturday, May 17, 2025

മലപ്പുറം കാളികാവിലെ നരഭോജി കടുവക്ക് വേണ്ടിയുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്. ഇരുപത് പേരടങ്ങുന്ന മൂന്ന് ടീമുകളായി ആര്‍ആര്‍ടി സംഘം ഇന്നും തിരച്ചില്‍ നടത്തും. രണ്ടു കുങ്കിയാനകളെ ഉപയോഗിച്ച് ഇന്ന് തിരച്ചില്‍ നടത്താനാണ് തീരുമാനം. ആദ്യം എത്തിച്ച കുങ്കിയാന കുഞ്ചുവിന് പുറമെ കോന്നി സുരേന്ദ്രനെ കൂടി ഇന്നലെ കാളികാവില്‍ എത്തിച്ചിട്ടുണ്ട്.

ആനകളുടെ ആരോഗ്യസ്ഥിതി രാവിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചുറപ്പിച്ച ശേഷമായിരിക്കും തിരച്ചിലിന് ഉപയോഗിക്കുക. കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള എല്ലാ സജീകരണങ്ങളുമായാണ് വനം വകുപ്പിന്റെ തിരച്ചില്‍. കടുവയെ നിരീക്ഷിക്കുന്നതിനായി 50 ക്യാമറകളും പിടികൂടുന്നതിനായി രണ്ട് കൂടുകളും ഇന്നലെ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ക്യാമറയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.