മലപ്പുറം കാളികാവില്‍ കഴിഞ്ഞ വ്യാഴാഴ്ച കടുവയുടെ ആക്രമണത്തില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ അബ്ദുള്‍ ഗഫൂര്‍ (50) കൊല്ലപ്പെട്ട സംഭവത്തില്‍, കടുവയെ പിടികൂടാനുള്ള വന്യജീവി വകുപ്പിന്റെ തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. വന്യജീവി വകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ കടുവയുടെ ചിത്രം കഴിഞ്ഞദിവസം പതിഞ്ഞിരുന്നു. ഇത് സൈലന്റ് വാലി വനമേഖലയിലുള്ള കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറകളുടെ സഹായത്തോടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ, താപനിര്‍ണ്ണയ ഡ്രോണുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്.
മൂന്ന് സംഘങ്ങള്‍ തന്നെയാണ് ഇന്നും തിരച്ചില്‍ നടത്തുന്നത്. 10 മുതല്‍15 കിലോമീറ്റര്‍ വരെ പ്രദേശത്ത് തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്നുള്ള കുഞ്ചു, സുരേന്ദ്രന്‍ എന്നീ പരിശീലിത ആനകള്‍ തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്. കഴിഞ്ഞ ദിവസം മാറ്റി സ്ഥാപിച്ച 50 ക്യാമറ ട്രാപ്പുകള്‍, രാവിലെ പരിശോധിച്ച് കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.