മണ്ണിടിച്ചിലില്‍ കുടുങ്ങിയ അർജുനായി തിരച്ചില്‍ ഊര്‍ജ്ജിതം; മുങ്ങല്‍ വിദഗ്ധരടക്കം നാവിക സേനയുടെ 8 അംഗസംഘം കര്‍ണാടകയിലെത്തി

Jaihind Webdesk
Friday, July 19, 2024

 

ബംഗളുരു: കര്‍ണാടക ഷിരൂരിൽ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതം. മുങ്ങല്‍ വിദഗ്ധരടക്കം നാവിക സേനയുടെ 8 അംഗസംഘം കര്‍ണാടകയിലെത്തി. വെളളത്തില്‍ നേരിട്ടിറങ്ങാനുളള സാധ്യത പരിശോധിക്കും. അതുപോലെ തന്നെ ജിപിഎസ് സിഗ്നല്‍ കിട്ടിയ പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും.

തിരച്ചിലിനായി കനത്ത മഴ വെല്ലുവിളിയാകുന്ന സാഹചര്യവും നിലവില്‍ ഉണ്ട്. അര്‍ജുനും ലോറിയും മണ്ണിനടിയില്‍ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്‍റെ രണ്ടാമത്തെ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ വീണ്ടും റിംഗ് ചെയ്‌തെന്ന് കുടുംബം രാവിലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ദരാമയ്യ ഇടപെട്ടാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. മണ്ണിടിച്ചിലില്‍ 15 പേരെയാണ് കാണാതായത്. ഇതില്‍ 7 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ജൂലൈ എട്ടിനാണ് കോഴിക്കോട് സ്വദേശിയായ അര്‍ജുൻ ലോറിയില്‍ പോയത്. ചൊവ്വാഴ്ച പുലർച്ചെയാണ് അവസാനമായി അർജുൻ വീട്ടിലേക്ക് വിളിച്ചത്. പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി ചേവായൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് മണ്ണിടിഞ്ഞതുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്.