ആലപ്പുഴയില്‍ കിലോമീറ്ററുകളോളം ഉള്‍വലിഞ്ഞ് കടല്‍, ആശങ്ക

Jaihind Webdesk
Tuesday, March 19, 2024

 

ആലപ്പുഴ: പുറക്കാട് മുതൽ പഴയങ്ങാടി വരെ കടൽ ഉൾവലിയുന്നു. നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തീരത്ത് ഈ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. ഈ ഭാഗങ്ങളിൽ 25 മീറ്ററോളം തീരത്ത് ചെളി രൂപപ്പെട്ടതിനാൽ തീരത്ത് വെച്ചിരുന്ന നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു. ചാകര പ്രദേശമായ ഇവിടെ ചെളി കട്ടപിടിച്ചു കിടക്കുകയാണ്.

ചെളി രൂപപ്പെട്ടതിനാൽ തിരമാലയില്ലാതെ ശാന്തമായി കിടക്കുകയാണ് തീരം. തീരത്ത് ചെളി രൂപപ്പെട്ടതറിഞ്ഞ് ചില വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എന്നാൽ മാറ്റാൻ കഴിയാതിരുന്ന വള്ളങ്ങൾ ചെളിയിൽ പുതഞ്ഞു. അതേസമയം വേലിയേറ്റത്തിന്‍റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടാകാറുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രണ്ടു ദിവസം കഴിയുമ്പോൾ തീരം പൂർവസ്ഥിതിയിലാകുമെന്നും ഇവർ പറയുന്നു. എന്നാൽ പ്രകൃതിയുടെ മാറ്റത്തിന്‍റെ തുടക്കമാകാം ഇതെന്നും സൂചനയുണ്ട്. കടൽ ഉൾവലിയുന്നതിന് പിന്നാലെ ഇരച്ചു കയറുന്നതിന് സാധ്യയുണ്ടെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.