തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടലാക്രമണം. തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശ്ശൂരും കടലാക്രമണം രൂക്ഷം. പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കയറി. പുല്ലുവിള മുതൽ പൊഴിയൂർ വരെയും കടൽ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്.
വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ചെത്തി. തീരത്ത് കയറ്റിയിട്ട ബോട്ടുകൾക്ക് കേടുപാടുണ്ടായി. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറി. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ആലപ്പുഴയിൽ പുറക്കാട് വളഞ്ഞവഴി പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു. പുറക്കാട് വള്ളങ്ങൾ തീരത്ത് നിന്ന് നീക്കി.