ബിജെപിയെ സഹായിച്ചിട്ടുണ്ട്, പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്ന് ബാര്‍ക് മുന്‍ സിഇഒ ; സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ; വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്

 

മുംബൈ: ടിആർപി തട്ടിപ്പ് കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന  റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയും മുന്‍ ബാര്‍ക് സിഇഒയും തമ്മില്‍ നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവിട്ട് മുംബൈ പൊലീസ്. അര്‍ണബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്തയും തമ്മില്‍ വാട്‌സാപ്പിലൂടെ നടത്തിയ 500 പേജിലധികം വരുന്ന ചാറ്റുവിവരങ്ങളാണ് പുറത്തുവന്നത്.  അത്യന്തം ഗുരുതരമായ വിവരങ്ങളാണ്  സന്ദേശങ്ങളിലുള്ളത്.

വാട്‌സ് ആപ്പ് ചാറ്റില്‍ താന്‍ എന്‍.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നു. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.

ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു. ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു. അര്‍ണബിന്റെയും സി.ഇ.ഒയുടെയും ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അര്‍ണബ് ഗോസ്വാമി നടത്തിയ തട്ടിപ്പുകളും ഗൂഢാലോചനകളുമാണ് പുറത്ത് വന്നിരിക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. അധികാര ദല്ലാള്‍ എന്ന നിലയില്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഗോസ്വാമി നടത്തിയത്. ഇയാളെ ജയിലിലടയ്ക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ടിവിക്ക് പുറമേ ഫക്കദ് മറാത്തി, ബോക്‌സ് സിനിമ എന്നീ ടെലിവിഷന്‍ ചാനലുകളാണ് ടിആര്‍പി റേറ്റിംഗില്‍ തിരിമറികള്‍ നടത്തിയത്. റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തത്. ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്ത, റിപ്പബ്ലിക് ടിവി സിഇഒ, റിപ്പബ്ലിക് ടിവി ഫിനാന്‍സ് മേധാവി തുടങ്ങിയവരാണ് അറസ്റ്റിലായത്.  ടി.ആര്‍.പി. തട്ടിപ്പുകേസില്‍ പാര്‍ഥോ ദാസ് ഗുപ്തയുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മുംബൈ പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

 

Comments (0)
Add Comment