കോഴിക്കോട്: ഐ എം എ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം തികച്ചും മനുഷ്യത്വ രഹിതമാണെന്ന് ഹർഷിന. അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഈ മാസം 13 ന് ഹർഷിനയും സമര സമിതി അംഗങ്ങളും സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹ സമരം നടത്തും.
മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചെങ്കിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഹർഷിനയുടെ തീരുമാനം. ഈ മാസം 13ന് സെക്രട്ടറിയേറ്റിനു മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹ സമരം നടത്തനൊരുങ്ങുകയാണ് ഹർഷിന.മെഡിക്കൽ കോളേജിനെതിരെയോ ഏതെങ്കിലും സംഘടനകൾക്കെതിരെയോ അല്ല തന്‍റെ പ്രതിഷേധമെന്നും ആറുമാസം ആയിട്ടും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഒന്നും ഉണ്ടാവില്ല എന്ന് വ്യക്തമായതോടെയാണ് പോലീസ് കമ്മിഷണർക്ക് കേസ് ഫയൽ ചെയ്തതെന്നും ഹർഷിന വ്യക്തമാക്കി.
ഹർഷിന ഇതുവരെ അനുഭവിച്ച വേദനയ്ക്കും ഇനി ജീവിതകാലം ഉടനീളം അനുഭവിക്കേണ്ട വേദനയ്ക്കും പരിഹാരമായിട്ടാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും അത് നിയമസഭാ സമ്മേളനത്തിന് മുന്നേ പ്രഖ്യാപിക്കണമെന്നും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ സമരത്തിന് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
അതേ സമയം ഈ വിഷയത്തിൽ നാല് പ്രതികൾക്കും ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
രണ്ടാംപ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോക്ടർ ഹസ്ന,മെഡിക്കൽ കോളേജിലെ നേഴ്സ് എം രഹന,കെ ജി മഞ്ജു എന്നിവർക്കാണ് പോലീസ് നോട്ടീസ് നൽകിയത്.സി ആർ പി സി 41 എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നോട്ടീസ്. ഏഴുദിവസത്തിനകം മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ മുമ്പാകെ ഹാജരാകാൻ ആണ് നോട്ടീസ് നൽകിയത്.ഈ കേസിലെ ഒന്നാംപ്രതി രമേശിന് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചു നിന്ന് ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഹർഷിയുടെ തീരുമാനം.