കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി ദുരിതമനുഭവിച്ച ഹര്‍ഷിന നീതി തേടി വീണ്ടും സമരത്തിലേക്ക്. തനിക്ക് നീതി നേടിത്തരാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഹര്‍ഷിന ആരോപിച്ചു. ഈ മാസം 29ന് കളക്ടറേറ്റിന് മുന്നില്‍ ഏകദിന സത്യാഗ്രഹം നടത്തും.
2017ല്‍ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്സുമാര്‍ അടക്കം നാല് പേരെ പ്രതി ചേര്‍ത്ത് മെഡിക്കല്‍ കോളേജ് പൊലീസ് 2023 ഡിസംബര്‍ 23ന് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണ തുടരുന്നതിനിടെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും 2024 ജൂണില്‍ സ്റ്റേ വാങ്ങുകയും ചെയ്തു.
മെഡിക്കല്‍ കോളേജില്‍ നിന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി. പിന്നീട് ഹര്‍ഷിന സമരം കടുപ്പിക്കുകയും പൊലീസ് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. നീതി തേടി ഹര്‍ഷിന മെഡിക്കല്‍ കോളജിന് മുന്നില്‍ 106 ദിവസമാണ് സമരമിരുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2025 ജനുവരി 18ന് ഹര്‍ഷിന കോഴിക്കോട് സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടപടി ഒന്നുമാകാത്ത സാഹചര്യത്തിലാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് ഇറങ്ങുന്നത്.