വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മെഡിക്കല്‍ ബോർഡ് യോഗം ഇന്ന്

Tuesday, August 8, 2023

 

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവമായി ബന്ധപ്പെട്ട പോലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മെഡിക്കൽ ബോർഡ് യോഗം ഇന്ന് ചേരും. ഓഗസ്റ്റ് ഒന്ന് ചൊവ്വാഴ്ച ചേരാനിരുന്ന യോഗം പിന്നീട് മാറ്റിവെക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങിയിട്ട് 79-ാമത്തെ ദിവസമാണ് ഇന്ന്. രണ്ടുമണിക്ക് ഡിഎംഒ ഓഫീസില്‍ വെച്ചാണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്. ആരോഗ്യമന്ത്രി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നതാണ് ഹർഷിനയുടെ ആവശ്യം.

ഓഗസ്റ്റ് ഒന്നിന് നടത്താനിരുന്ന യോഗം പെട്ടെന്നാണ് മാറ്റിവെച്ചത്. ഇതിനെ തുടർന്ന് ഹർഷിന കോഴിക്കോട് ഡിഎം ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. റേഡിയോളജിസ്റ്റ് ഇല്ല എന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ബോർഡ് യോഗം  മാറ്റിവെച്ചിരുന്നത്. പ്രതിഷേധത്തിനൊടുവിൽ ഇന്ന് അഞ്ച് മണിക്ക് മുമ്പ് യോഗം ചേരുമെന്നും റിപ്പോർട്ട് ആരോഗ്യവകുപ്പിനും പോലീസിനും സമർപ്പിക്കുമെന്നും ഡി എം ഒ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഹർഷിനെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.

ഹര്‍ഷിനയുടെ ചികിത്സയുടെ ഭാഗമായി എടുത്ത എംആര്‍ഐ സ്‌കാനിംഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിക്കാന്‍ റേഡിയോളജിസ്റ്റിന്‍റെ സേവനം ആവശ്യമാണ്. ജില്ലയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രിയില്‍ റേഡിയോളജിസ്റ്റില്ല. ഇതിനാല്‍ റേഡിയോളജിസ്റ്റിന്‍റെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒ. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് മെഡിക്കല്‍ ബോർഡി ചേരുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കില്‍  നാളെ  മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് ഹർഷിനയുടെ തീരുമാനം.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജില്‍ നടത്തിയ ശസ്ത്രക്രിയക്കിടയിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരാണെന്നും പോലീസ് അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കി.  ഇതിലെ തുടർ നടപടികള്‍ക്കു വേണ്ടിയാണ് മെഡിക്കല്‍ ബോർഡ് യോഗം ചേരുന്നത്.