അഞ്ചു വര്‍ഷം വയറ്റില്‍ കത്രികയുമായി വീട്ടമ്മ; ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി

Jaihind News Bureau
Thursday, February 19, 2026

 

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര സ്വദേശിനിയായ ഉഷ ജോസഫിനാണ് ദുരനുഭവം ഉണ്ടായത്. 2021 മെയ് 10-ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഉഷ കടുത്ത വയറുവേദനയും രക്തസ്രാവവും അനുഭവിച്ചു വരികയായിരുന്നു. പല ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ തേടിയെങ്കിലും വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വേദന സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ യൂറോളജി ഡോക്ടറെ സമീപിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് വയറ്റിനുള്ളില്‍ കത്രിക ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

പരിശോധനാ ഫലവുമായി ഉഷയും കുടുംബവും വീണ്ടും മെഡിക്കല്‍ കോളേജ് അധികൃതരെ സമീപിച്ചു. വരും ദിവസങ്ങളില്‍ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കുടുംബം.