തിരുവനന്തപുരം: അവധിക്കാലത്തിന് വിട പറഞ്ഞ് കുട്ടികള്‍ നാളെ സ്‌കൂളുകളിലേക്ക്. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. സ്‌കൂള്‍ തുറക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ സ്‌കൂള്‍ വിപണി സജീവമാണ്.
സ്‌കൂളില്‍ പോകാനുള്ള ഒരുക്കത്തിലാണ് കുട്ടിക്കുറമ്പന്‍മാരും കുറുമ്പികളും. നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ ബാഗും കുടയുമായി സ്‌കൂളിലെത്താനുള്ള തിടുക്കത്തിലാണ് കുട്ടികള്‍. സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ ഇപ്പോഴും തിരക്കിന് ഒരു കുറവുമില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന സഹകരണ സ്‌കൂള്‍ വിപണികളിലാണ് തിരക്കേറെയും. തിരുവനന്തപുരത്ത് പോലീസ് സഹകരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ വിപണിയില്‍ ഈ അവസാന നിമിഷവും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പൊതുവിപണിയില്‍ ഉള്ളതിനെക്കാള്‍ വിലക്കുറവിലും ഗുണനിലവാരവും ഉള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്നതിനാലാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
വിവിധ ബ്രാന്‍റുകളിലുള്ള ബാഗുകളും കുടകളും വാട്ടര്‍ ബോട്ടിലുകളും ഉള്‍പ്പടെ സ്‌കൂളുകളിലേക്ക് വേണ്ട എല്ലാ ആവശ്യ സാധനങ്ങളും ഇവിടെ ലഭ്യമാണ്. സാധരണക്കാരെ ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും വിപണി പ്രവര്‍ത്തിക്കുന്നത്. ബ്രാന്‍റഡ് ഉല്‍പ്പന്നങ്ങളടക്കം സബ്‌സിഡി നിരക്കിലാണ് വിറ്റഴിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് ഏറെയും. പല സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകളാണ് ഇവിടെ എത്തുന്നത്. തിരക്കേറെയാണെങ്കിലും ഉല്‍പ്പന്നങ്ങളുടെ ക്രമീകരണവും ചിട്ടയാര്‍ന്ന പ്രവര്‍ത്തനവുമാണ് വിപണിയെ ശ്രദ്ധേയമാക്കുന്നത്.