SAMASTHA| സ്‌കൂള്‍ സമയമാറ്റം മദ്രസ പ്രവര്‍ത്തനത്തെ ബാധിക്കുന്നു; സമരത്തിനൊരുങ്ങി സമസ്ത; ഓഗസ്റ്റ് അഞ്ചിന് കളക്ടറേറ്റ് മാര്‍ച്ച്

Jaihind News Bureau
Thursday, July 10, 2025

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് സമസ്ത. ഓഗസ്റ്റ് 5 ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു. സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആണ് സമരം നടത്തുന്നത്. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ് പ്രഖ്യാനം നടത്തിയത്. എസ്‌കെഎംഎംഎ സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

പ്രശ്‌നത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും എന്നും സമസ്ത അറിയിച്ചു. മദ്രസകള്‍ കേന്ദ്രീകരിച്ചു പ്രാദേശിക തലത്തിലും പ്രതിഷേധം നടത്തും. മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം കൂട്ടമെന്നും അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും സമസ്ത ആവശ്യപ്പെടുന്നു

സമസ്ത ആവശ്യപ്പെട്ടിട്ടും ചര്‍ച്ച പോലും നടത്താതെ തീരുമാനം നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ സമസ്ത ഒരു പ്രത്യക്ഷ സമര പ്രഖ്യാപനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ ടി ഹംസ മുസ്ലിയാര്‍, എം ടി അബ്ദുള്ള മുസ്ലിയാര്‍, അസ്വ ഹാരിസ് ബീരാന്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു.