കോഴിക്കോട് പേരാമ്പ്രയില്‍ കലോത്സസവത്തിന് ഭക്ഷണമൊരുക്കാന്‍ വിദ്യാര്‍ത്ഥികളോട് പഞ്ചസാര ആവശ്യപ്പെട്ടുള്ള നോട്ടീസ് സ്വകാര്യ സ്കൂള്‍ പിന്‍വലിച്ചു. വാര്‍ത്തകള്‍ക്കുപിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ വിചിത്ര നോട്ടീസ് പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളോട് ഒരു കിലോ പഞ്ചസാരയോ അല്ലെങ്കില്‍ 40 രൂപയോ നല്‍കാനാണ് സ്കൂള്‍ ആവശ്യപ്പെട്ടിരുന്നത്.
പേരാമ്പ്രയില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോല്‍സവത്തിനായുള്ള ഭക്ഷ്യവിഭവ സമാഹരണത്തിന്റെ ഭാഗമായി ഓരോ സ്കൂളും ഓരോ ഇനങ്ങള്‍ നല്‍കണം. നമ്മുടെ വിദ്യാലയത്തില്‍നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ നാളെ ഒരു കിലോ പഞ്ചസാരയോ അല്ലെങ്കില്‍ 40 രൂപയോ കൊണ്ടുവരേണ്ടതാണ്’ ഇതായിരുന്നു പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ ഹെഡ് മിസ്ട്രസിന്റെ നിര്‍ദേശം. നോട്ടീസ് കണ്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും അമ്പരുന്നു. ഇത്തരത്തിലൊരാവശ്യമുന്നയിച്ചിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. പ്രതിഷേധമുയര്‍ന്നതോടെ എ.ഇയുടെ നിര്‍ദേശപ്രകാരമാണ് സ്കൂള്‍ നോട്ടീസ് പിന്‍വലിച്ചത്. ഭക്ഷണത്തിന്റെ ചുമതലയുള്ള കമ്മിറ്റി പഞ്ചസാര വാക്കാല്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍.
തേങ്ങ, പച്ചക്കറി ഇനങ്ങള്‍ തുടങ്ങി വീടുകളില്നിന്നുശേഖരിക്കാവുന്നവ ആവശ്യപ്പെടാറുണ്ടെങ്കിലും പഞ്ചസാരയോ പണമോ ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലാമേള തുടക്കമാവുക.