സംസ്ഥാനത്ത് അധ്യയനം സാധാരണ നിലയിലേക്ക് ; ശനിയാഴ്ച്ചകളും പ്രവർത്തി ദിവസം ; വിശദാംശങ്ങള്‍ വായിക്കാം

സംസ്ഥാനത്ത് കൊവിഡ് ഭീതി ഒഴിയുന്നതോടെ അധ്യയനം സാധാരണ നിലയിലേക്ക് എത്തുന്നു.  ഫെബ്രുവരി  21 മുതൽ ഒന്ന്  മുതല്‍ പന്ത്രണ്ട് വരെ  ക്ലാസുകൾ വൈകുന്നേരം വരെ ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്നും പ്രി പ്രൈമറി വിദ്യാർഥികളിൽ പകുതി പേർ വീതം തിങ്കൾ – മുതൽ വെള്ളി വരെ ഉച്ച വരെയാണ് ക്ലാസുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. 10, 11, 12 ക്ലാസുകൾ ഫെബ്രുവരി 19 വരെ നിലവിലുള്ള പോലെ തുടരും.

മോഡൽ പരീക്ഷ അടുത്ത മാസം 16 മുതൽ നടത്തുമെന്നും ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവൃത്തി ദിവസം ആയിരിക്കുമെന്നും പറഞ്ഞു. ഗ്രേസ് മാർക്ക് വിഷയം പരീക്ഷാ ബോർഡാണ് തീരുമാനിക്കുന്നതെന്നും ബോർഡ് യോഗം ചേർന്ന ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും മാനസിക സംഘർഷം ലഘുകരിക്കാൻ പ്രത്യേക പ്രവർത്തനമുണ്ടാകുമെന്നും മന്ത്രി നിർദേശിച്ചു. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളകൾ സന്ദർശിച്ച് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നും പിടിഎ യോഗങ്ങൾ ചേരണമെന്നും പറഞ്ഞു.

കുട്ടികളുടെ ഹാജർ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുക, എസ്‌സി, എസ്എടി കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുക, ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുക, പാഠഭാഗം തീരാത്ത സ്‌കൂളുകളിൽ അധിക സമയം ക്ലാസ് നൽകുക തുടങ്ങിയ നിർദേശങ്ങളും മന്ത്രി വാർത്താസമ്മേളനത്തിൽ കൈമാറി. യൂണിഫോം ഉപയോഗിക്കുന്നത് ആകും നല്ലതെന്നും മന്ത്രി പറഞ്ഞു.

 

Comments (0)
Add Comment