തിരുവനന്തപുരം : സ്കൂൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ തയാറായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നതാണ് പൊതുനിർദേശമെന്നും വിദ്യാർത്ഥികളെ കൂട്ടം കൂടാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
എല്ലാ ദിവസവും ക്ലാസുകൾ അണുവിമുക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് ഓൺലൈൻ ആയി നൽകും. സ്കൂളിൽ അധ്യാപകരുടെ നിയന്ത്രണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. കെ.എസ്.ആര്.ടി.സിയുമായും തദ്ദേശഭരണവകുപ്പുമായും ചര്‍ച്ച നടത്തും. പിടിഎ യോഗങ്ങളും വിളിക്കും. തൊഴില്‍ നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ കഴിയുന്ന തരത്തില്‍ സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബർ ഒന്നാം തീയതി തുറക്കുക. കൃത്യമായ മുന്നൊരുക്കങ്ങളോടെ വേണം സ്കൂളുകൾ തുറക്കാനെന്ന് ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരും നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിർന്ന കുടുംബാംഗങ്ങളും എല്ലാം വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പിക്കണം. കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ അനുവാദം ലഭിക്കുന്ന മാത്രയിൽ വാക്സിനേഷൻ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളിൽ തന്നെ സജ്ജമാക്കാൻ സന്നദ്ധരാണെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.