എല്ലാ കൊല്ലവും ഗ്രൗണ്ട് നിറയുന്ന കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ മൊട്ടക്കൂട്ടം ഇല്ലാതെയാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മേള. വേണ്ടത്ര കായികതാരങ്ങൾ ഇല്ലാതെ പോയത് ഇത്തവണ സെന്റ് ജോർജ് സ്കൂളിനെ മേളയിൽ നിന്ന് അകറ്റി നിർത്തി. ഒരുപിടി മികച്ച താരങ്ങളെ കായികകേരളത്തിനു സമ്മാനിച്ച കായികാധ്യാപകൻ രാജു പോൾ സ്കൂളിൽ നിന്ന് വിരമിച്ചതും പ്രതിസന്ധി വർധിക്കാൻ ഇടയാക്കി.
ഒന്നരപ്പതിറ്റാണ്ടായി സംസ്ഥാന സ്കൂൾ കായികമേളയിലെ പതിവുകാഴ്ചയായിരുന്നു മൊട്ടയടിച്ച് ഇറങ്ങിയിരുന്ന സെന്റ് ജോർജിലെ അത് ലറ്റുകൾ.
ദേശീയ, അന്തർദേശീയ തലത്തിൽ പ്രതിഭ തെളിയിച്ച ഒരുപറ്റം താരങ്ങൾ സെന്റ് ജോർജ് സ്കൂളിനെ ചാമ്പ്യൻ സ്കൂളാക്കി. ഒളിമ്പ്യൻ സിനി ജോസ്, ദേശീയ-അന്തർദേശീയ താരങ്ങളായ ബിനീഷ് കെ ഷാജി, വി ബി ബിനീഷ്, ഇ എം ഇന്ദുലേഖ, വികാസ് ചന്ദ്രൻ തുടങ്ങി വി കെ വിസ്മയയും പിന്നിട്ട് നീളുന്നതാണ് ആ നിര.
സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ 2001 മുതൽ അവഗണിക്കാനാകാത്ത സാന്നിധ്യമായിരുന്ന സെന്റ് ജോർജിന്റെ പത്താംകിരീട നേട്ടമായിരുന്നു കഴിഞ്ഞതവണ. 2002ൽ മൂന്നാംസ്ഥാനവും 2003ൽ രണ്ടാംസ്ഥാനവും പിടിച്ചെടുത്ത സെന്റ് ജോർജ് 2004ലാണ് ആദ്യമായി ചാമ്പ്യൻ പട്ടമണിഞ്ഞത്.
2018 വരെയായി പത്തുതവണ സംസ്ഥാന ചാമ്പ്യൻപട്ടം. ഒമ്പതുതവണ ദേശീയ സ്കൂൾ മേളയിലെ മികച്ച സ്കൂൾ. മികച്ച താരങ്ങളെ കായികകേരളത്തിനു സമ്മാനിച്ച സ്കൂളിൽനിന്ന് കായികാധ്യാപകൻ രാജു പോൾ മേയിൽ വിരമിച്ചതോടെ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തനം അവസാനിപ്പിച്ചു.
പുതിയ താരങ്ങളെ കണ്ടെത്തി സ്കൂളിലെത്തിച്ച് പരിശീലനം നൽകുന്ന പതിവും ഇക്കുറി ഉണ്ടായില്ല. ഉപജില്ലയിൽനിന്ന് യോഗ്യത നേടിയ ഏക അത് ലറ്റ് ജില്ലാമേളയിൽനിന്ന് വിട്ടുനിന്നതോടെ ഇക്കുറി സെന്റ് ജോർജില്ലാത്ത മേളയിലേക്ക് കായികകേരളത്തെ നയിച്ചു. കോരുത്തോടിന്റെയും കോട്ടയത്തിന്റെയും കുത്തക തകർത്ത് കായികകിരീടം എറണാകുളത്ത് എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച സെന്റ് ജോർജ് പിന്മാറുമ്പോൾ ഒന്നാംസ്ഥാനം ലക്ഷ്യംവച്ച് ഒരുപിടി സ്കൂളുകൾ പോരാടുകയാണ് കണ്ണൂരിൽ.
https://youtu.be/B4Dx0mmNzwQ