ജനങ്ങളില്‍ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍. പ്രധാനധ്യാപകര്‍ക്ക് ജനങ്ങളുടെ മുന്നില്‍ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് അധ്യാപക സംഘടനകള്‍ പ്രതിഷേധത്തിലായിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാന്‍ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിര്‍ദേശം പിന്‍വലിച്ചിരിക്കുന്നത്.പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമായിരുന്നു പുതുതായി രൂപീകരിക്കുന്ന സമിതിക്കുള്ള നിര്‍ദ്ദേശം. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയില്‍ നിന്നും സര്‍ക്കാരിന്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തെ ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തതിന്റെ സെപ്റ്റംബര്‍ വരെയുള്ള കുടിശ്ശിക നല്‍കിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകര്‍ക്ക് കിട്ടാനുണ്ട്. ഫണ്ടില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമിതി രൂപീകരിക്കാനുള്ള ഉത്തരവിറക്കുന്നതും ഇതിനെതിരെ പ്രതിഷേധമുയരുന്നതും.
വാര്‍ഡ് മെമ്പര്‍ രക്ഷാധികാരിയും പ്രധാന അധ്യാപകന്‍ കണ്‍വീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളില്‍ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേര്‍ അംഗങ്ങള്‍. ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സര്‍ക്കുലറില്‍ കൃത്യമായി പറഞ്ഞിരുന്നു. രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പൗര പ്രമുഖര്‍ എന്നിവരില്‍ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകന്‍ പണം തിരിച്ചുനല്‍കുമെന്നായിരുന്നു ഉറപ്പ്. പിരിക്കാനാണ് നിര്‍ദ്ദേശമെന്നും സര്‍ക്കാറിന്റെ പിന്മാറ്റമാണെന്നും പ്രതിപക്ഷ സംഘടനകള്‍ വിമര്‍ശിക്കുന്നു.