തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ; നൂറ് കണക്കിന് വീടുകള്‍ വെള്ളത്തില്‍, മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി

Jaihind Webdesk
Monday, December 18, 2023

ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു.  രണ്ട് പേര്‍ മഴക്കെടുതിയിൽ മരിച്ചു.  രക്ഷാപ്രവര്‍ത്തനത്തിൽ സൈന്യവും സജീവമാണ്.  തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി.

വർഷം പരമാവധി 70 സെന്‍റീമീറ്റര്‍ മഴ പെയ്യുന്ന തിരുച്ചെന്തൂര്‍, കായൽപട്ടണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 95 സെന്‍റിമീറ്റര്‍ മഴയാണ്. തിരുനെൽവേലി ജംഗ്ഷനും റെയിൽവേ സ്റ്റേഷനും കളക്ടറേറ്റും ആശുപത്രികളും നൂറ് കണക്കിന് വീടുകളും വെള്ളത്തിൽ മുങ്ങി.  പ്രസവം അടുത്ത യുവതികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ വേഗത്തിലാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. തൂത്തുക്കുടിയിൽ കളക്ടറേറ്റ് റോഡിൽ അടക്കം വെള്ളക്കെട്ട് രൂപപ്പേട്ടത്തോടെ ഗതാഗതം താറുമാറായി.

ഈ രണ്ട് ജില്ലകൾക്ക് പുറമെ തെങ്കാശി, കന്യാകുമാരി, വിരുദ് നഗർ, മധുര, തേനി ജില്ലകളിക്കും നാളെ പുലർച്ചെ വരെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കന്യാകുമാരി, വിവേകാനന്ദ പാറ അടക്കം തെക്കൻ തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദർശകരെ വിലക്കിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ളത് അടക്കം തിരുനെൽവേലി വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പുറമേ നാവികസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകള്‍ തിരുനെൽവേലിയിലും തൂത്തുക്കുടിയിലും രക്ഷാ പ്രവര്‍ത്തനത്തിൽ സജീവമാണ്.