ലക്ഷങ്ങൾ മുടക്കുള്ള സ്‌കൂൾ കെട്ടിടങ്ങൾ കാടുകയറി നശിക്കുമ്പോഴും തിരിഞ്ഞുനോക്കാതെ അധികൃതർ. ഇടുക്കി മണിയാറൻകുടി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിന്‍റെ ആദ്യകാലത്തെ കെട്ടിടങ്ങളാണ് സ്‌കൂൾ പിടിഎയുടെ അശ്രദ്ധമൂലം നാശത്തിന്‍റെ പാതയിലായത്.
കുടിയേറ്റ ഗ്രാമമായ മണിയാറൻകുടിയിലെ ഈ സർക്കാർ വിദ്യാലയത്തിൽ ഏറെയും ആദിവാസികളും പിന്നോക്ക വിഭാഗത്തിലെ കുട്ടികളുമാണ് പഠിക്കുന്നത്. ഹൈറേഞ്ചിലെ തന്നെ ആദ്യകാല വിദ്യാലയമായ മണിയാറൻകുടി സ്‌കൂളിന് പിൽക്കാലത്ത് പുതിയ പല കെട്ടിടങ്ങളും വന്നതോടെ പഴയ കെട്ടിടങ്ങൾ അധികൃതർ പൂർണ്ണമായി അവഗണിച്ചു. കാര്യമായ കേടുപാടുകൾ ഇല്ലാത്ത പല കെട്ടിടങ്ങളും ചെറിയതോതിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ ഉപയോഗിക്കാമെങ്കിലും അധികൃതരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഇവയെല്ലാം കാടുകയറി നശിക്കുകയാണ്
പൂർവ്വ വിദ്യാർത്ഥികളായ നാട്ടുകാർ പലരും പല തവണ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കാൻ സ്‌ക്കൂൾ മാനേജ്‌മെൻറ് തയ്യാറായില്ലന്നാണ് ആക്ഷേപം. 80 അടിയോളം നീളവും മുപ്പതടിയോളം വീതിയുമുള്ള മൂന്ന് കെട്ടിടങ്ങളാണ് ഇപ്പോൾ പൂർണമായി നശിക്കുന്നു. വൈകുന്നേരങ്ങളിൽ മദ്യപാനികളുടെയും മറ്റു സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്ത് സംരക്ഷിക്കുവാനുള്ള നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://youtu.be/9oBA3AfFvl0