തലസ്ഥാനത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവില്‍ അധിക്ഷേപ പരാമര്‍ശവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സ്ത്രീകള്‍ക്കും എസ് സി – എസ് ടി വിഭാഗത്തിനും എതിരെ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് തന്നെ അടൂരിനെതിരെ പ്രതിഷേധം ഉയര്‍ന്നു.
പട്ടിക ജാതി വിഭാഗക്കാര്‍ക്കും സിനിമ എടുക്കാന്‍ വരുന്ന സ്ത്രീകള്‍ക്കും വെറുതെ പണം നല്‍കരുതെന്നാണ് അടൂരിന്റെ പരാമര്‍ശം. കേവലം പണം നല്‍കുന്നതിന് പകരം അവര്‍ക്ക് സിനിമ നിര്‍മ്മാണത്തില്‍ തീവ്ര പരിശീലനം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ സിനിമയ്ക്ക് നല്‍കുന്ന ഒന്നരക്കോടി രൂപ അധികമാണ്. അത് 50 ലക്ഷം വീതം മൂന്നുപേര്‍ക്ക് നല്‍കണം. ഈ ഫണ്ട് വാണിജ്യ സിനിമകള്‍ക്കല്ല, നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ളതാണ്. സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമയെടുക്കാന്‍ ഈ പണം ഉപയോഗിക്കരുതെന്നും അടൂര്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ഒരു ‘വൃത്തികെട്ട സമരം’ ആയിരുന്നു. അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിച്ചതുകൊണ്ടാണ് സമരം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസില്‍ നിന്നും ഉയര്‍ന്നത്. സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസ് മറുപടി നല്‍കി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ തന്നെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പി അടൂരിന് മറുപടി നല്‍കുന്നുണ്ട്. താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.